കേരളത്തിലെ ആയുർവേദ വിദ്യാഭ്യാസമേഖലയിലെ പ്രൗഢഗംഭീരമായ സ്ഥാപനമാണ് ഗവ: ആയുർവേദ കോളേജ് തൃപ്പൂണിത്തുറ.
കൊച്ചി പ്രദേശത്തെ ഭരണകർത്താവായിരുന്ന രാജര്‍ഷി രാമവർമ്മയുടെ ഉത്തരവ് പ്രകാരം ശ്രീ. രാമവർമ്മ സംസ്കൃതകോളേജിൽ ആയുർവേദ പഠനത്തിനായുള്ള ഒരു പാഠശാല 1926ൽ ആരംഭിക്കുകയുണ്ടായി. കൊട്ടാരം വൈദ്യ പ്രമുഖനായിരുന്ന തൃക്കോവിൽ ഉഴുത്രവാര്യർ ആയിരുന്നു ആയുർവേദപഠനത്തിന്‍റെ അമരക്കാരൻ. ഏഴുവർഷം നീണ്ട ആയുർവേദഭൂഷണം എന്ന ബിരുദമായിരുന്നു പഠനാനന്തരം നല്കിയിരുന്നത്.

സംസ്കൃത കോളേജിൽ ഒരു പ്രത്യേകകോഴ്സായി ആരംഭിച്ച ആയുർവേദപഠനം ഒരു സ്വതന്ത്ര കലാലയം എന്ന നിലയിലേക്ക് ഉയർന്നത് 1959 ലാണ്. അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന എ.അർ. മേനോൻ ആണ് സംസ്കൃതകോളേജിന്‍റെ നാലുമുറികൾ ഉള്ള വടക്കേകെട്ടിടം ഉൾപ്പെടുത്തി ആയുർവേദ കോളേജ് അനുവദിച്ചത്. ശ്രീ.വി.ഭാര്‍ഗവൻവൈദ്യർ ആയിരുന്നു കോളേജിന്‍റെ ആദ്യത്തെ പ്രിൻസിപ്പാൾ.

അതേ വർഷം തന്നെ ഡിസംബർ മാസത്തിൽ പരീക്ഷിത്ത് തമ്പുരാന്‍റെ ഉത്തരവിൽ പ്രകാരം ഹിൽ പാലസ് പരിസരത്തുള്ള അതിഥിമന്ദിരത്തിലേക്ക് ആയുർവേദകോളേജ് മാറ്റി സ്ഥാപിക്കുകയും ചെയ്തു. കേരളത്തിലാകമാനം ഏകീകൃതപാഠ്യക്രമത്തിലുള്ള ഡി.എ.എം പഠനം ആരംഭിക്കുന്നതും അതേവർഷം തന്നെയാണ്.

കലാലയത്തിന്റെ വികസനത്തിന് സൗകര്യം അപര്യാപ്തമായതിനാൽ 1964 ൽ പുതിയ കാവിൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലം സർക്കാർ ആയുർവേദ കോളേജിനായി അനുവദിച്ചു. അന്നത്തെ ആരോഗ്യ മന്ത്രി ശ്രീ.ബി. വെല്ലിംടൻ ശിലാസ്ഥാപനം നടത്തി നിർമ്മാണമാരംഭിച്ച കലാലയസമുച്ചയം 1973 ഏപ്രിൽ 9ന് ഭാരതത്തിന്‍റെ അന്നത്തെ ആദരണീയനായ രാഷ്ട്രപതി ശ്രീ. വി. വി ഗിരി രാഷ്ട്രത്തിന് സമർപ്പിച്ചു. 1977 ൽഔഷധനിർമ്മാണ വിഭാഗവും പുതിയ കലാലയാങ്കണത്തിലേക്ക് മാറ്റി സ്ഥാപിച്ചു.

1971ൽ ഡി.എ.എം പാഠ്യപദ്ധതി നിർത്തലാക്കി കേരള സർവ്വകലാശാല അംഗീകരിച്ച ബി.എ.എം ബിരുദപാഠ്യപദ്ധതി നിലവിൽ വന്നു. ദേശീയ തലത്തിൽ പിന്നീട് നടന്ന പാഠ്യപദ്ധതി ഏകീകരണത്തിന്‍റെ ഭാഗമായി 1979-ൽ ശസ്ത്രക്രിയാപഠനം ഉൾപ്പെട്ട ബി.എ.എം.എസ്സ് ബിരുദ ക്രമം നിലവിൽ വന്നു. 1983ൽ മഹാത്മാഗാന്ധി സർവ്വകലാശാല രൂപീകൃതമായതോടെ ഈ കലാലയം പ്രസ്തുത സർവ്വകലാശാലയ്ക്ക് കീഴിലായി. 1978ൽ കലാലയ പരിസരത്ത് തന്നെ വിദ്യാർത്ഥിനികളുടെ താമസത്തിനായി ഒരു ഹോസ്റ്റൽ ആരംഭിച്ചു. 1982 ൽ ആരോഗ്യമന്ത്രിയായിരുന്ന ശ്രീ.കെ.ജി.ആർ. കർത്താ 60 കിടക്കകളോടു കൂടിയ ആശുപത്രിസൗധം നാടിന് സമർപ്പിച്ചു. പുതിയ ഹോസ്റ്റൽ സൗധത്തിന്‍റെ നിർമ്മാണത്തിന് ശേഷം 1985 ൽ അതുവരെ ഹിൽപ്പാലസ് അതിഥിമന്ദിരത്തിൽ പ്രവർത്തിച്ചിരുന്ന ആൺകുട്ടികളുടെ ഹോസ്റ്റൽ കലാലയാങ്കണത്തിലേക്ക് മാറ്റി.

വിദ്യാർത്ഥികളുടെ പഠന സൗകര്യാർത്ഥം 500 കിടക്കകളുള്ള ആശുപത്രി സമുച്ചയനിർമ്മാണം 1998 ൽ ആരംഭിച്ച് നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്ത് 2004ൽ നിർമ്മാണം പൂർത്തീകരിച്ചു. പ്രസ്തുത ബഹുനില മന്ദിരോദ്ഘാടനം അന്നത്തെ ബഹുമാന്യ രാഷ്ട്രപതി ശ്രീ.എ.പി.ജെ. അബ്ദുൾകലാം നിർവ്വഹിച്ചു.
ഇന്ന് വിപുലമായ ആശുപത്രി സംവിധാനങ്ങളോടൊപ്പം കലാലയ സമുച്ചയം, ഔഷധനിർമ്മാണ വിഭാഗം, വിദ്യാർത്ഥി- വിദ്യാർത്ഥിനികളുടെ താമസമന്ദിരങ്ങൾ ജീവനക്കാർക്കുള്ള പാർപ്പിടസമുച്ചയങ്ങൾ, കളിക്കളം, വിസ്തൃതമായ രണ്ട് ഔഷധോദ്യാനങ്ങൾ, ആധുനിക രോഗനിർണ്ണയ സൗകര്യങ്ങൾ, ക്യാൻറ്റീൻ, ന്യായവില മെഡിക്കൽസ്റ്റോർ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.

ആയുർവേദ ബിരുദപഠനത്തോടൊപ്പം നിലവിൽ ഗവേഷണ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു. 2010ൽ രൂപീകൃതമായ കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 8 വ്യത്യസ്തവിഷയങ്ങളിൽ ബിരുദാനന്തരബിരുദവും ഗവേഷണങ്ങളും നടന്നുവരുന്നു. ആയുർവേദനഴ്സിംഗ്, ഫാർമസി, തെറാപ്പി എന്നീ വിഷയങ്ങളിൽ ഒരു വർഷത്തെ സർക്കാർ സർട്ടിഫിക്കറ്റ് കോഴ്സും നടന്ന് വരുന്നു.
കലാലയത്തിന് കീഴിൽ കിഴക്കേകോട്ടയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിസമുച്ചയം ആരോഗ്യശാസ്ത്ര സർവ്വകലാശാലയ്ക്ക് കൈമാറുകയും അവിടെ സ്കൂൾ ഓഫ് ഫണ്ടമെൻറൽ റിസർച്ച് ഇന്‍ ആയുർവേദ എന്ന ഗവേഷണ സ്ഥാപനത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരുന്നു.

വിലാസം:
ഗവ: ആയുർവ്വേദകോളേജ്,
ധന്വന്തരി നഗര്‍, പുതിയകാവ്,
തൃപ്പൂണിത്തുറ, എറണാകുളം
കോളേജ്: 0484 2777374
ആശുപത്രി: 0484 2776043
സൂപ്രണ്ട്: 0484 27778380


തൃപ്പൂണിത്തുറആയുർവ്വേദകോളേജ്ആശുപത്രി
ആശുപത്രി പ്രവർത്തന സമയക്രമം
ഒ.പി.സമയം: 8 a.m -1 p.m
അത്യാഹിത വിഭാഗം : 1p.m – 8 p.m
ഓഫീസ്: 10 a.m – 5 p.m

1. കായചികിത്സാ വിഭാഗം–

സന്ധിഗത രോഗങ്ങൾ, ഉദരസംബന്ധ രോഗങ്ങൾ,ശ്വാസകോശജന്യ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, മാനസിക രോഗങ്ങൾ,വാർദ്ധക്യജന്യ രോഗങ്ങൾ എന്നിവയക്കുള്ള ഒ.പി, ഐ.പിചികിത്സകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്.
റെഗുലർ ഒ.പി ദിവസങ്ങൾ (തിങ്കൾ – ശനി)
സ്പെഷ്യൽ ഒ.പി ദിവസങ്ങൾ
• വയോജന പരിപാലനം (തിങ്കൾ – ശനി)
• മാനസിക രോഗങ്ങൾ (ബുധൻ)

2.ശല്യതന്ത്ര വിഭാഗം–

ഒടിവ്, ചതവ്, ക്ഷതജന്യ രോഗങ്ങൾ, അസ്ഥി –സന്ധി രോഗങ്ങൾ, മാംസപേശീസംബന്ധ രോഗങ്ങൾ, അർശസ്, ഭഗന്ദരം, ഏനൽ ഫിഷർ, വൃഷണ- പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം, വൃക്ക- കരൾ-പ്ലീഹാ രോഗങ്ങൾ, വെരിക്കോസ് വെയിൻ, കുടലിലുണ്ടാകുന്ന വ്രണങ്ങൾ, ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയ്ക്കുള്ള ഒ.പി, ഐ.പി ചികിത്സകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്.

റെഗുലർ ഒ.പി ദിവസങ്ങൾ (തിങ്കൾ – ശനി)

സ്പെഷ്യൽ ഒ.പി ദിവസങ്ങൾ
• അർബുദ ചികിത്സ
• സ്പോർട്സ് ഇൻജുറികൾ
അനുബന്ധ സേവനങ്ങൾ- രക്തമോക്ഷം, അഗ്നികർമ്മം, ക്ഷാരസൂത്രചികിത്സ.

3.ശാലാക്യതന്ത്രവിഭാഗം

കാഴ്ച പരിശോധന, കേൾവി പരിശോധന, നേത്രപടല രോഗങ്ങൾ, ഇ.എൻ.ടി രോഗങ്ങൾ എന്നിവയക്കുള്ള ഒ.പി, ഐ.പി ചികിത്സകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്.
സ്പെഷ്യൽ ഒ.പി ദിവസങ്ങൾ- പ്രമേഹാനുബന്ധ കാഴ്ചവൈകല്യ ക്ലിനിക്ക് (ചൊവ്വ1-4)
അനുബന്ധ സേവനങ്ങൾ
ആധുനിക സൗകര്യങ്ങളോടു കൂടിയ ദന്തരോഗ ചികിത്സാവിഭാഗം. ഡെൻറിസ്റ്റിന്‍റെ സേവനംലഭ്യമാണ്.

4.പ്രസൂതിതന്ത്ര- സ്ത്രീരോഗവിഭാഗം

ഗർഭിണീ പരിചരണം, പ്രസവാനന്തര ശുശ്രൂഷ, വന്ധ്യത, തുടരെ തുടരെയുള്ള ഗർഭമലസൽ, ഗർഭാശയഭ്രംശം, ഗർഭാശയരോഗങ്ങൾ, അണ്ഡാശയരോഗങ്ങൾ, ക്രമം തെറ്റിയുള്ള ആർത്തവം, വയറുവേദന, അമിത രക്തസ്രാവം, ആർത്തവ വിരാമത്തോടനുബന്ധിച്ച ശാരീരിക മാനസിക പ്രശ്നങ്ങൾ, വെള്ളപോക്ക്, സ്തനരോഗങ്ങൾ, സ്ത്രീകളിലെ നടുവേദന, അമിതവണ്ണം എന്നിവയ്ക്കുള്ള ഒ.പി, ഐ.പി ചികിത്സകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്.
റെഗുലർ ഒ.പി ദിവസങ്ങൾ(തിങ്കൾ – ശനി)

അനുബന്ധസേവനങ്ങൾ

കോൾപോസ്കോപ്പി,പാപ്സ്മിയർ-(ഗർഭാശയമുഖകാൻസറിന്‍റെ നിർണ്ണയത്തിനുള്ള സ്ക്രീനിംഗ്)- ബുധനാഴ്ച.
യോനിസ്രാവം, യോനിമാർഗ്ഗത്തിൽ കൂടിഅസാധാരണ രക്തം പോക്കുള്ളവർ ഈ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.
അൾട്രാസൗണ്ട് സ്കാനിംഗ്- വ്യഴാഴ്ച
അലോപ്പതി ഡോക്ടറുടെ സേവനംലഭ്യമാണ്.

5.കൗമാരഭൃത്യ (ശിശുരോഗ)വിഭാഗം
സെറിബ്രൽ പാൾസി, പഠനവൈകല്യം, സ്വഭാവവൈകല്യം (ഓട്ടിസം,എ.ഡി.എച്ച്.ഡി), വളർച്ചാവൈകല്യങ്ങൾ (ഹൈഡ്രോസെഫാലസ്), ശ്വാസകോശ രോഗങ്ങൾ,ത്വക് രോഗങ്ങൾ,വാതരോഗങ്ങൾ (ജുവനൈൽ ആർത്രൈറ്റിസ്) എന്നിവയ്ക്കുള്ള ഒ.പി, ഐ.പി ചികിത്സകൾ ഈ വിഭാഗത്തിൽലഭ്യമാണ്.
റെഗുലർ ഒ.പി ദിവസങ്ങൾ(തിങ്കൾ – ശനി)
അനുബന്ധ സേവനങ്ങൾ
ഫിസിയോ തെറാപ്പി,സ്പൈറോമെട്രി

6.അഗദതന്ത്ര വിഭാഗം

വിഷം അലർജി,ത്വക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഒ.പി, ഐ.പി ചികിത്സകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്.
റെഗുലർഒ.പിദിവസങ്ങൾ
ചൊവ്വ, വ്യാഴം, ശനി- പുതിയകാവ്
തിങ്കൾ, ബുധൻ, വെള്ളി-കിഴക്കേക്കോട്ട
സ്പെഷ്യൽ ഓ.പി- ഒന്നാമത്തേയും മൂന്നാമത്തേയും ഞയറാഴ്ചകളിൽ കിഴക്കേക്കോട്ടയില്‍ പ്രവർത്തിക്കുന്നു.

7.പഞ്ചകർമ്മവിഭാഗം

എല്ലാത്തരം കേരളീയ വിശേഷ ക്രിയാകർമ്മങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പഞ്ചകർമ്മചികിത്സകളും ഈ വിഭാഗത്തിൽ ലഭ്യമാണ്.
റെഗുലർ ഒ.പി ദിവസങ്ങൾ(തിങ്കൾ – ശനി)
അനുബന്ധ സേവനങ്ങൾ
ഒ.പി.യിൽ പഞ്ചകർമ്മ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. അഗ്നികർമ്മം, രക്തമോക്ഷം, ഫിസിയോതെറാപ്പി എന്നിവയും ലഭ്യമാണ്.

8.സ്വസ്ഥവൃത്തവിഭാഗം

ആയുർവേദ രോഗപ്രതിരോധ- ജീവിതശൈലീ രോഗചികിത്സയോടൊപ്പം യോഗ,നാച്ചുറോപ്പതി ചികിത്സകള്‍ ഒപിയിലും ഐ.പി.യിലു ലഭിക്കുന്നതാണ്.
റെഗുലർ ഒ.പിദിവസങ്ങൾ
ചൊവ്വ, വ്യാഴം, ശനി – കിഴക്കേക്കോട്ട
തിങ്കൾ, ബുധൻ, വെള്ളി – പുതിയകാവ്
അനുബന്ധ സേവനങ്ങൾ
ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള യോഗ പരിശീലനം തിങ്കൾ മുതൽ ശനി വരെയുളള ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയക്ക് 12 വരെലഭ്യമാണ്.

9 രോഗനിദാനവിഭാഗം

രോഗനിർണ്ണയവുമായി ബന്ധപ്പെട്ട ആധുനിക പരിശോധനകളും ലബോറട്ടറിസൗകര്യങ്ങളും ഡിജിറ്റൽ എക്സറേയും ഈ വിഭാഗത്തിന്‍റെ കീഴിൽപ്രവർത്തിക്കുന്നു. സാമാന്യരോഗങ്ങൾക്കുള്ള ഒ.പി, ഐ.പി ചികിത്സകളും ലഭ്യമാണ്.
റെഗുലർ ഒ.പി ദിവസങ്ങൾ (തിങ്കൾ – ശനി)

10. രസശാസ്ത്ര-ഭൈഷജ്യ കല്പന വിഭാഗം

ഔഷധ നിർമ്മാണയൂണിറ്റ്ഈ വിഭാഗത്തിന്‍റെ കീഴിൽപ്രവർത്തിക്കുന്നു. കരൾ,തൈറോയിഡ്,ത്വക്, വാതസംബന്ധമായ രോഗങ്ങൾക്കുള്ള ചികിത്സയും ഈ വിഭാഗത്തിൽ നിന്ന് ലഭിക്കുന്നതാണ്.
റെഗുലർഒ.പി (തിങ്കൾ)

11. ദ്രവ്യഗുണവിജ്ഞാന വിഭാഗം

ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സകളും സാമാന്യരോഗങ്ങൾക്കുള്ള ചികിത്സകളും ഈ വിഭാഗത്തിൽ ലഭ്യമാണ്.
റെഗുലർ ഒ.പി ( ചൊവ്വ)
അനുബന്ധ സേവനങ്ങൾ
പൊതുജനങ്ങൾക്ക് ഔഷധസസ്യങ്ങളെപരിചയപ്പെടുത്തുന്നതിനായി ഒ.പി മുറിയോട്ചേർന്ന്ഔഷധസസ്യങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

12.ക്രിയാശാരീരവിഭാഗം

സാമാന്യ രോഗങ്ങൾക്കുള്ള ചികിത്സ ഈ വിഭാഗത്തിൽ ലഭിക്കുന്നു.
റെഗുലർ ഒ.പി (ബുധൻ)
അനുബന്ധ സേവനങ്ങൾ
ഇ.സി.ജി, സ്പൈറോമെട്രി

13. രചനാശാരീര വിഭാഗം

സാമാന്യ രോഗങ്ങൾക്കുള്ള ചികിത്സ ഈ വിഭാഗത്തിൽ ലഭിക്കുന്നു.
റെഗുലർഒ.പി(വ്യാഴം)

14.സംഹിത- സിദ്ധാന്തവിഭാഗം
സാമാന്യ രോഗങ്ങൾക്കുള്ള ചികിത്സ ഈ വിഭാഗത്തിൽ ലഭിക്കുന്നു.
റെഗുലർ ഒ.പി(വെള്ളി)